ഒരു കാര്യം നന്നായി തുടങ്ങിയാല്‍ പകുതി വിജയിച്ചു എന്നാണു പറയാറുള്ളത്. ഓപ്പറേഷന് തൂഫാന് ദ നാര്‍ക്കോ ഹണ്ട് രണ്ടാം ഘട്ടത്തിലേക്കു കടക്കുമ്പോള്‍ രാജ്യവും ലോകവും ശ്രദ്ധിക്കുന്ന സമാനതകളില്ലാത്ത ലഹരിവിരുദ്ധ പോരാട്ടമായി അത് മാറിക്കഴിഞ്ഞിരിക്കുകയാണ്. കേവലം 100 ദിവസങ്ങള്‍ക്കുള്ളില്‍തന്നെ അദ്ഭുതകരമായ മാറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. പതിനായിരത്തോളം അറസ്റ്റുകള്‍ നടന്നു. ലഹരിയുടെ ഉപയോഗം 30 ശതമാനത്തോളം കുറയ്ക്കാനും കഴിഞ്ഞു. ലഹരിമാഫിയ ഭയചകിതരായി. അവര്‍ പിന്‍വലിയുന്ന സൂചനകള്‍ ലഭിച്ചു. തൂഫാന് ഒന്നാം ഘട്ടം പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ വിജയമായി മാറി.
ലഹരിയുടെ ഉപയോഗവും വ്യാപനവും വില്പനയും പൂര്‍ണമായും ഇല്ലാതാക്കുന്ന വിധത്തിലുള്ള ശാശ്വതമായ പരിഹാരം ഉണ്ടായേ തീരൂ. ലഹരിയുടെ ആവശ്യം കുറയ്ക്കുക, പ്രാരംഭഘട്ടത്തില്‍തന്നെ ഇടപെടുക, അതോടൊപ്പം ലഹരിക്ക് അടിമകളായവരുടെ ചികിത്സ, പുനരധിവാസം, അവരെ സാമൂഹികമായി ചേര്‍ത്തുപിടിക്കല്‍ എന്നിവയെല്ലാം താഴെത്തട്ടില്‍നിന്ന് ആരംഭിക്കേണ്ടതുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ഓപ്പറേഷന് തൂഫാന് രണ്ടാം ഘട്ടത്തിന്റെ പ്രസക്തി. പൊലിസ് നടപടി, നിയമസംവിധാനങ്ങളുടെ ഇടപെടല്‍ എന്നതിനോടൊപ്പംതന്നെ ലഹരിക്കെതിരായ പോരാട്ടം ഒരു സാമൂഹിക മുന്നേറ്റമായി തീരേണ്ടതുണ്ട്. രണ്ടാം ഘട്ടത്തിലെ സമഗ്ര ജനകീയ മുന്നേറ്റത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സമ്പൂണര്മായ ഏകോപനവും പങ്കാളിത്തവും അനിവാര്യമാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊലിസ്, കുടുംബശ്രീ, ആരോഗ്യ- വിദ്യാഭ്യാസ-സാമൂഹ്യനീതി, യുവജനകാര്യ വകുപ്പുകള്‍, മറ്റു സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവയുടെ ഏകോപിതമായ ഇടപെടലാണ് ലഹരിക്കെതിരായ വലിയ പോരാട്ടത്തിന്റെ രണ്ടാം ഘട്ടത്തില്‍ ലക്ഷ്യംവയ്ക്കുന്നത്. ലഹരിക്കെതിരായ പോരാട്ടം വാര്‍ഡുകളിലേക്കും വീടുകളിലേക്കും തൊഴില്‍ സ്ഥാപനങ്ങളിലേക്കും വ്യാപിക്കുമ്പോള്‍ അത് സമഗ്രമായ ജനകീയ മുന്നേറ്റമായി രൂപാന്തരപ്പെടുന്നു.
രണ്ടാംഘട്ടത്തില്‍ നൂതനവും ശക്തവും സമഗ്രവുമായ നടപടികളിലൂടെയാണ് ഓപറേഷന് തൂഫാന് മുന്നോട്ടു പോകുന്നത്. ലഹരിയുടെ ആവശ്യകത കുറയ്ക്കല്‍, വാര്‍ഡ് തല ജാഗ്രതാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക, സമഗ്രമായ പുനരധിവാസ പദ്ധതി നടപ്പാക്കുക, ലഹരിവില്പന, വിതരണം, ഉപയോഗം, ഹോട്ട്സ്പോട്ടുകള്‍, തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി പൊലിസിനെ അറിയിക്കാനുള്ള സംവിധാനങ്ങള്‍ പൊതുജനങ്ങള്‍ക്കായി രൂപീകരിക്കുക, യുവജനങ്ങളെയും വിദ്യാര്‍ഥികളെയും സര്‍ഗപരമായ പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവിട്ട് ലഹരിയില്‍നിന്ന് അകറ്റിനിര്‍ത്തുക, സുരക്ഷിതമായ സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കുക എന്നിവയാണ് രണ്ടാം ഘട്ടത്തിലെ പ്രധാന ലക്ഷ്യങ്ങള്‍.
വാര്‍ഡ് തല ജനകീയ ജാഗ്രതാ സമിതികള്‍
തൂഫാന് രണ്ടാംഘട്ടത്തിലെ നിര്‍ണായകമായ ചുവടുവയ്പാണ് വാര്‍ഡ് തല ജനകീയ ജാഗ്രതാ സമിതികള്‍. സംസ്ഥാനത്തെ 20,999 പഞ്ചായത്ത്-മുനിസിപ്പാലിറ്റി-കോര്പറേഷന് വാര്‍ഡുകളെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ഇതിലൂടെ. ഇവിടങ്ങളില്‍ സ്പെഷല്‍ തൂഫാന് ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് ലഹരിക്കെതിരായ പോരാട്ടത്തില്‍ എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തും. അതോടൊപ്പം ഓരോ സ്വയംഭരണ സ്ഥാപന തലത്തിലും തൂഫാന് ജനജാഗ്രതാ സമിതികളുണ്ടാകും. സംസ്ഥാനത്ത് 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണുള്ളത്.
അതനുസരിച്ച് 1034 ജാഗ്രതാ സമിതികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന സമിതിയുടെ അധ്യക്ഷന്മാരായിരിക്കും ഇവയുടെ നേതൃത്വം വഹിക്കുക. എസ്എച്ച്ഒ, തദ്ദേശ സ്ഥാപന സെക്രട്ടറി, ജനപ്രതിനിധികള്‍ എന്നിവര്‍ ഇവയിലുണ്ടാകും.1034 ജാഗ്രതാ സമിതികളുടെ കീഴിലായിരിക്കും വാര്‍ഡ് തല സമിതികള്‍ പ്രവര്‍ത്തിക്കുക. വാര്‍ഡ് മെംബറുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍, എന്റോള്‍ ചെയ്ത തൂഫാന് വാരിയേഴ്സ്, കുടുംബശ്രീ-ആശാ വര്‍ക്കര്‍മാര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ഈ വാര്‍ഡ് തല സമിതികള്‍ ലഹരിവിരുദ്ധ പോരാട്ടത്തിന് സജ്ജമാകുന്നത്.
ഇതിനൊപ്പം ജില്ലാ തൂഫാന് കെയര്‍ കമ്മിറ്റികള്‍, തൂഫാന് ആഫ്റ്റര്‍ കെയര്‍ ഹോമുകള്‍, തൂഫാന് ലഹരിവിരുദ്ധ ക്ലബ്ബുകള്‍ തുടങ്ങിയവയിലൂടെ ലഹരിക്കെതിരായ പോരാട്ടം കൂടുതല്‍ ഊര്‍ജസ്വലമാക്കാനും രണ്ടാംഘട്ടത്തില്‍ ലക്ഷ്യമിടുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സഹായം ആവശ്യമായവര്‍ക്ക് അനുയോജ്യമായ സേവനങ്ങള്‍ നല്കാന് ജില്ലാ പൊലിസ് മേധാവിയുടെ കീഴില്‍ മനഃശാസ്ത്രജ്ഞര്‍, ഡി അഡിക്ഷന് സ്പെഷലിസ്റ്റുകള്‍, മെഡിക്കല്‍ ഓഫിസര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ജില്ലാ തൂഫാന് കെയര്‍ കമ്മിറ്റികള്‍ രൂപീകരിക്കുന്നത്.
ലഹരിവിമുക്തരായവര് വീണ്ടും പഴയ അവസ്ഥയിലേക്കു മടങ്ങിപ്പോകാതിരിക്കാനും അവര്‍ക്ക് എല്ലാവിധ പിന്തുണയും ഉറപ്പാക്കി മുഖ്യധാരയിലേക്കു തിരികെ കൊണ്ടുവരാനുമാണ് ആഫ്റ്റര്‍ കെയര്‍ ഹോമുകള്‍ വഴി ഉദ്ദേശിക്കുന്നത്. വിദ്യാലയങ്ങളില്‍ ഇപ്പോഴുള്ള ലഹരിവിരുദ്ധ ക്ലബ്ബുകളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനുള്ള നടപടികളും രണ്ടാം ഘട്ടത്തിന്റെ ഭാഗമായുണ്ടാകും.
ഇന്നു രാവിലെ 11.25ന് വേങ്ങര നിയോജകമണ്ഡലത്തിലെ മലബാര്‍ കോളജില്‍വച്ച് മുഖ്യമന്ത്രി വി.ഡി. സതീശന് വാര്‍ഡുതല ജനജാഗ്രതാ സമിതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി, എംപി, എംഎല്‍എമാര്‍ മറ്റു ജനപ്രതിനിധികള്‍ എന്നിവരുള്പ്പെടയുള്ളവരുടെ സാന്നിധ്യത്തിലാണ് തൂഫാന് 2.0 എന്ന ജനകീയ പ്രതിരോധത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമിടുന്നത്.
“ഞാന്‍ എന്റെ നാടിന്റെ കാവലാള്‍” എന്നതാണ് തൂഫാന് 2.0ന്റെ മുദ്രാവാക്യം. താന്‍ ഈ നാടിന്റെ കാവലാള്‍ ആണെന്ന ബോധം ഓരോ പൗരന്റെയും മനസിലുറയ്ക്കുമ്പോള് അത് സൃഷ്ടിക്കുന്ന സുരക്ഷിതത്വ ബോധത്തിന് മറ്റെന്തിനേക്കാളും കരുത്തുണ്ടാകും. ലഹരിക്കെതിരായ പോരാട്ടത്തില്‍ ഓരോ വ്യക്തിയും അണിചേരുമ്പോള്‍ അതൊരു മഹാപ്രവാഹമായി മാറും. ഏത് പൈശാചിക ശക്തികളെയും കടപുഴക്കിയെറിയാന്‍ ആ പ്രവാഹത്തിനു കഴിയും. ജനങ്ങളെ മുനിര്ത്തിക്കൊണ്ടുള്ള പ്രതിരോധങ്ങള്‍ക്കു മാത്രമേ ഏത് സാമൂഹിക വെല്ലുവിളികളെയും നേരിടാന്‍ കഴിയൂ. തൂഫാന് 2.0 അതിന്റെ വ്യക്തമായ ഉദാഹരണമാണ്.